Thursday, 19 January 2012

പകല്‍ക്കിനാവ്

ലാബ് റിപ്പോര്‍ട്ട് കിട്ടിയത് മുതല്‍ മനസ്സാകെ അസ്വസ്ഥമാണ്..വിശ്വസിക്കാനാവുന്നില്ല..താന്‍ വീണ്ടുമോരമ്മയാവാന്‍ ‍ പോകുന്നു..ഉമ കണ്ണാടിയിലേക്ക്‌ നോക്കി. പ്രതിബിംബം തന്നെനോക്കി കളിയാക്കി ചിരിക്കുന്നത് പോലെ..മനസ്സില്‍ ചിന്തകളുടെ വേലിയേറ്റം..കെട്ടുപിണഞ്ഞു കിടക്കുന്ന ശരി തെറ്റുകളുടെ സങ്കലനങ്ങള്‍.......മനസ്സും ശരീരവും കുറ്റബോധത്തിന്റെ തീജ്വാലയില്‍ പൊള്ളിപ്പിടയുന്നു....മീനൂട്ടിയെക്കുറിച്ചു ഓര്‍ക്കുംബോഴാണു വേവലാതി കൂടുന്നത്.. അവള്‍ക്കിപ്പോള്‍..പതിന്നാല് വയസ്സ് കഴിഞ്ഞിരിക്കുന്നു....ഇനി അവള്‍ക്കു കൂട്ടിനായൊരാള്‍ വരുമെന്ന് അവള്‍ അറിഞ്ഞാല്‍ എങ്ങനെയാവും പ്രതികരിക്കുക..?കൂട്ടുകാരികള്‍ക്ക് മുന്നില്‍ അവള്‍ പരിഹാസ്യയാവുമോ..?ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ സമസ്യ പോലെ..വിവരം അറിഞ്ഞത് മുതല്‍ ഹരിയേട്ടന്‍ ഉല്‍സാഹത്തിലാണ്..മോള്‍ക്ക്‌ കൂട്ടിനോരാള്‍ ആയല്ലോ..എന്ന്..പക്ഷെ..എന്തോ..തനിക്ക് മാത്രം അത് ഉള്‍ക്കൊള്ളാന്‍ ആവുന്നില്ല..മറ്റുള്ളവര്‍ക്ക് മുന്നില്‍ ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കേണ്ടി വരുമോ..ഈ നാല്‍പ്പതാം വയസ്സില്‍..?ഉമ വല്ലാതെ അസ്വസ്ഥയായി..
പെട്ടെന്ന് എന്തോ തീരുമാനിച്ചുറച്ച പോലെ അവള്‍ ഫോണ്‍ എടുത്തു ഹരിയുടെ നമ്പര്‍ ഡയല്‍ ചെയ്തു..‍ അപ്പുറത്ത് ഹരിയുടെ ശബ്ദം .."എന്താ ഉമേ..?"
" അത്..ഹരിയേട്ടാ,ഏട്ടന്‍ ഡോക്ടര്‍ ലതയുടെ ഒരു അപ്പോയിന്റ്മെന്റ് എടുക്കാമോ..?നമുക്ക് ഈ കുഞ്ഞു വേണ്ട..ഇതിനെ അബോര്‍ട്ട് ചെയ്തേക്കാം..വയസ്സുകാലത്ത് എന്ന് പറഞ്ഞു..എല്ലാവരും കളിയാക്കുന്നത് ഓര്‍ക്കുമ്പോ..എനിക്ക്..വയ്യ......"
"എന്ത് ഭ്രാന്താ ഉമേ നീ ഈ പറയുന്നെ..?നിനക്കെങ്ങനെ ഇത്ര ക്രൂരയവാന്‍ കഴിയുന്നു..?ഒന്ന് കൂടെ ഒന്നലോചിച്ചിട്ടു പോരെ..ഇത്ര കടുത്ത തീരുമാനം..?"


ഇല്ല..ഹരിയേട്ടാ..ഞാന്‍ ഒരുപാട് ആലോചിച്ചതാ..എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കൂ..പ്ലീസ്.."
" ഉം..നിന്റെ ഇഷ്ടം.".കൂടുതലൊന്നും പറയാതെ ഹരി ഫോണ്‍ കട്ട്‌ ചെയ്തു..
സിറ്റ്ഔട്ടില്‍ ഇരുന്നു..വെറുതെ മാഗസിനിന്റെ താളുകള്‍ മറിച്ച്നോക്കുകയായിരുന്നു..ഉമ.. എന്തോ..ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല..വൈകുന്നേരം അഞ്ചു മണിക്ക് ഗൈനകോളജിസ്റ്റിന്റെ അടുത്ത് ടോക്കന് ‍ബുക്ക്‌ ചെയ്ത കാര്യം ഹരിയേട്ടന്‍ വിളിച്ചു പറഞ്ഞതുമുതല്‍ വല്ലാതോരാധി..കാര്യ കാരണമില്ലാതെ ഒരു സങ്കടം ഉള്ളില്‍ തിങ്ങി വിങ്ങുന്നതറിയാന്‍ന്‍ കഴിയുന്നു..വയ്യ..കൈകാലുകള്‍ക്കൊരു വിറയല്‍..തലയില്‍ ഒരു പെരു പെരുപ്പ്..ഒന്ന് കിടക്കണം....ഉമ കിടക്കയിലേക്ക് ചാഞ്ഞു..നിദ്രയുടെ ഇലയനക്കങ്ങള്‍..പക്ഷെ മനസ്സ് മാത്രം ചരട് പൊട്ടിയ പട്ടം പോലെ സങ്കീര്‍ണ്ണമായ ഏതൊക്കെയോ..വഴികളിലൂടെ അലഞ്ഞും..തിരിഞ്ഞും......പെട്ടെന്ന് ദൂരെ അരണ്ട വെളിച്ചത്തില്‍ അവള്‍ കണ്ടു..ഓമനത്വം തുളുമ്പുന്ന ഒരു കുഞ്ഞു മുഖം..കൊച്ചരിപ്പല്ലുകള്‍ കാട്ടി തന്നെ നോക്കി ചിരിക്കുന്ന ഒരു കുറുമ്പുകാരി..ഉമ ഓടിച്ചെന്നു ആ കുരുന്നിനെ കോരിയെടുത്തു..കവിളുകളില്‍ തുരു തുരെ ഉമ്മ വെച്ചു.. പൊടുന്നനെ അവളുടെ കൈകളില്‍നിന്നും കുതറി മാറി ആ പിഞ്ചോമന എങ്ങോ ഓടി മറഞ്ഞു...
അകന്നു പോകുന്ന കുഞ്ഞുകാലടിയോച്ചകള്‍..പാദസ്സരക്കിലുക്കങ്ങള്‍..ഉമയുടെ ഉള്ളില്‍ വേദനയുടെ ചിന്തുകള്‍ തീര്‍ത്തു..വല്ലതോരാത്മ വ്യഥയാല്‍ ‍ അവള്‍ ഞെട്ടിയുണര്‍ന്നു..ഒരു നിമിഷം താന്‍ കണ്ടത് സ്വപ്നമോ..യാഥാര്‍ത്ഥ്യംമോ ..എന്ന് തിരിച്ചറിയാനാകാതെ..‍ പകച്ചു..വെറുതെ അവള്‍ ക്ലോക്കില്‍ നോക്കി..മണി നാലായിരിക്കുന്നു..മീനൂട്ടി സ്കൂളില്‍ നിന്നും എത്താറാവുന്നു..... ..ഹരിയേട്ടന്‍ തന്നോട് റെഡി ആയി..നില്‍ക്കാന്‍ പറഞ്ഞിരുന്ന കാര്യം അവളോര്‍ത്തു..പക്ഷെ..താന്‍ കണ്ട സ്വപ്നം..?അത് ഹൃദയത്തില്‍ കോറിയിട്ട നൊമ്പരം ......ഒരു നിമിഷതെക്കെന്കിലും താന്‍ അനുഭവിച്ച മാതൃത്വത്തിന്റെ പുതു ലഹരി..അവയൊക്കെ വെറും പകല്ക്കിനാവായി അവശേഷിപ്പിക്കുവാനുള്ളതാണോ..?എന്തോ.. മനസ്സില്‍ തോരാത്തൊരു സങ്കട മഴ..
ഇല്ല..തനിക്കതിനാവില്ല..അവള്‍ ഫോണ്‍ എടുത്തു ഹരിയുടെ നമ്പര്‍ ഡയല്‍‍ ചെയ്തു..
"എന്താ ഉമേ..?നീ റെഡി ആയോ..?"
"ഇല്ല..ഹരിയേട്ടാ..അതെ..നമുക്ക് ഈ തീരുമാനം മാറ്റിയാലോ..?ഈ കുഞ്ഞു..അതിനെ എനിക്ക് വേണം..അത് നമ്മുടെ കുഞ്ഞാ..നമ്മുടെ സ്വന്തം..!അതിനെ കളയാന്‍ വയ്യെനിക്ക്..അവള്‍..ഫോണിലൂടെ വിതുമ്പിക്കരഞ്ഞു..
അയ്യേ..ഉമേ എന്തായിത്..?കൊച്ചു കുട്ടികളെപ്പോലെ..?സാരമില്ല..ഇപ്പഴെന്കിലും..തിരിച്ചറിഞ്ഞല്ലോ..അത് മതി..നീ വിഷമിക്കണ്ട..."ഹരിയുടെ.പ്രണയം തുളുമ്പുന്ന .ആശ്വാസവാക്കുകളിലലിഞ്ഞു ‍ അവളിലെ കണ്ണീര്‍മഴ പെയ്തു..തോരുക ആയിരുന്നു...
 

മഴക്കാലം


ഓരോ മഴക്കാലവും ഓരോ ഓര്‍മ്മകളാണ്

തുമ്പപ്പൂവിന്റെ നറുമണം നിറച്ചു

ചിണുങ്ങിച്ചിണുങ്ങിയെത്തിയ

ചിങ്ങത്തിലെ ചാറ്റല്‍മഴ

പഴയ പൊന്നോണ സ്മ്രുതികളുണര്‍ത്തി ..


ചിലമ്പിയെത്തിയ ഇടവപ്പാതിയില്‍

ചേമ്പിലക്കുട ചൂടി

ഈറന്‍ പാവാടത്തുമ്പിറുക്കിപ്പിഴിഞ്ഞു

ചോര്‍ന്നൊലിക്കുന്ന പള്ളിക്കൂടത്തിലെ

ചിതലരിച്ച ബെഞ്ചില്‍ നനഞ്ഞൊട്ടിയിരുന്നതും

ഒരു പൊയ്പ്പോയ ബാല്യകാല സ്മൃതി!

മിഥുനപ്പെയ്തിന്നും പഴയ കളിക്കൂട്ടുകാരിയുടെ

കുസൃതി നിറഞ്ഞ കള്ളച്ചിരി പോലെ..

കൂട്ടുകൂടി കളിച്ചും ചിരിച്ചും

കുട ചെരിച്ചിത്തിരി ചാറ്റലിന്‍ തണു മെയ്യിലിറ്റിച്ചും ..

കലിതുള്ളിയെത്തിയ കള്ളക്കര്‍ക്കിടകം

കടപുഴക്കിയെറിഞ്ഞത്

അച്ഛനെന്ന നന്മ മരം !

മഴവെള്ളപ്പപ്പാച്ചിലില്‍ ഒലിച്ചു പോയത്

അമ്മയുടെ പാതി മുറിഞ്ഞു പോയ കിനാക്കളും

നെറ്റിയിലെ ഒരു നുള്ള് സിന്ദൂരവും..

പെയ്തൊഴിഞ്ഞ മഴമേഘങ്ങളത്രയും ചൊരിഞ്ഞിട്ട

കണ്ണീരിന്റെ നനവൂറുന്ന ഓര്‍മ്മകളെ

കാലമേ നീയെടുത്തു കൊള്‍ക..

പകരം നീയെനിക്കേകിയ

പ്രണയത്തിന്റെ ഈ പെരുമഴക്കാലത്തില്‍

ഞാനെല്ലാം മറന്നു നനഞ്ഞു കുതിര്‍ന്നോട്ടെ..

ഹെര്ബേറിയം

ചില്ലലമാരയ്ക്കകത്തെ
പഴയ ഡയറിക്കുള്ളില് ‍ ഇരിപ്പുണ്ടിന്നും
പൊടി പിടിച്ചു നിറം മങ്ങിയൊരു ഇന്‍ലന്റ്റ് .
കുറിക്കാതെ പോയ
ഒരുപിടി ചിന്താശകലങ്ങളുടെ ഭാരവും പേറി
അതെന്നോട്‌ മൂകം എന്തോ മൊഴിയുന്നുണ്ട്....
നാഴികകള്‍ താണ്ടി
സ്നേഹത്തിന്റെ,സൌഹൃദത്തിന്റെ സൌരഭ്യവും പേറി
ഇളം തെന്നല്‍ പോലെ
പടിവാതില്‍ക്കല്‍ വന്നു വിളിക്കാറുണ്ടായിരുന്ന
ആ സന്ദേശവാഹകനെ
ഞാനിന്നെന്തേ മറന്നു പോയെന്നാവാം..
അല്ലെങ്കില്‍
ചാഞ്ഞും ചെരിഞ്ഞും കറുപ്പിച്ചും നിറം കൊടുത്തും
ദിനവും എന്റെ മെയില്‍ ബോക്സിലൂടെ
ഒഴുകി നീങ്ങാറുള്ള
ഇമെയില്‍ സന്ദേശങ്ങളോളം വേഗം
അതിനില്ലാതെ പോയെന്ന പരിഭവമാകാം..
എങ്കിലും എന്റെ പ്രിയപ്പെട്ട ഇന്‍ലന്റ്റ്,
ഞാനൊന്ന് പറയട്ടെ
ഒരിക്കല്‍ നിന്റെ ഉള്ളടക്കം
എന്റെ ഹൃദയസ്പന്ദനങ്ങളായിട്ടുണ്ട് ..
നിന്റെ വരവും കാത്ത് വഴിക്കണ്ണുമായി
എത്രയോ പകലുകളില്‍ ഞാനുരുകിയിട്ടുണ്ട് ..
ഇന്നുമെന്റെ
പഴയ പഠനമുറിയിലെ മേശവലിപ്പില്
‍ ആരുമറിയാതെ കാത്ത് വെച്ചിട്ടുണ്ട്
അമൂല്യമായ നിന്റെയൊരു ശേഖരം ..!
ചിതലരിക്കാത്ത ഒരുപിടി ഓര്‍മ്മകളുടെ
ഹെര്ബേരിയം എന്ന് നിന്നെ ഞാന്‍ വിളിച്ചോട്ടെ..??


* ഹെര്ബേറിയം (ഉണങ്ങിയ ഇലകളുടെ ആല്‍ബം )

തൂലിക

ഒരു തൂലികയുണ്ടായിരുന്നു
എന്റെ ഭാവനകളെ മുഴുവന്‍
അക്ഷരങ്ങളായി പകര്ത്തിയിരുന്നത്..
മഷി വറ്റുന്നതിനു മുന്നേ
എവിടെയോ കളഞ്ഞു പോയത് ...
ഒരുപാട് തിരഞ്ഞിട്ടും
തിരികെ കിട്ടാതെ പോയത്..
പുത്തനൊരെണ്ണം വാങ്ങിയെങ്കിലും
ഭാവന മാത്രം
പിണങ്ങി നില്‍ക്കുന്നതെന്തിനെന്നു
എനിക്കിപ്പഴും മനസ്സിലാകുന്നില്ല..

ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

 
 
മകരം മഞ്ഞു കോരിയിട്ട
തണുപ്പാര്‍ന്ന എത്രയോ പ്രഭാതങ്ങളില്‍
എന്നിലേക്ക്‌ നീണ്ട ;
കലാലയത്തിന്റെ
ആളൊഴിഞ്ഞ ഇടനാഴികളില്‍ വെച്ച്
അറിയാതെ
മിഴികളിലുടക്കിയ
ആ കണ്ണുകള്‍..
കണ്ടില്ലെന്നു നടിച്ചപ്പോഴും
വഴിമാറി നടക്കാന്‍ ശ്രമിച്ചപ്പോഴും
അസ്ഥികളിലെ മഞ്ഞു
ഉരുകിത്തുടങ്ങിയിരിക്കുന്നുവെന്നു
ഞാനറിയാതെ അറിഞ്ഞത് ..
ആരും കാണാതെ
പിരിയന്‍ കോണിയുടെ ചുവട്ടില്‍ വെച്ച്
"ഇഷ്ട "മെന്നു കാതില്‍ മെല്ലെ മൊഴിഞ്ഞു
നീ ഓടി മറഞ്ഞത് ..
മനസ്സിന്റെ ചേമ്പിലതാളില്‍
ഒരായിരം മഞ്ഞു തുള്ളികള്‍
വീണു കുളിരുന്ന സുഖമറിഞ്ഞത്‌..
കരളില്‍ നൂറു കുടമുല്ലകള്‍
വിരിയുന്ന സുഗന്ധമറിഞ്ഞത്‌..
പ്രണയത്തിന്റെ മഞ്ഞുമഴ നനഞ്ഞു
നാം കൈകോര്‍ത്തു നടന്നത് ...
ഒടുവില്‍ ഒരെരിവേനലില്‍
എന്റെ സ്വപ്നങ്ങളുടെ മഞ്ഞുകൊട്ടാരം
ചില്ലുകളുടഞ്ഞു ഉരുകിയമര്‍ന്നത്...
പിന്നീട് നീയില്ലാത്ത എത്രയോ മഞ്ഞുകാലങ്ങള്‍
എന്നെ കടന്നു പോയിരിക്കുന്നു...
നീയറിയുന്നുവോ..?
ഇന്നിവിടെ മഞ്ഞു പെയ്യുകയാണ്
ഓര്‍മ്മത്താളുകളില്‍ നീ അന്ന് കുറിച്ചിട്ട
പ്രണയാക്ഷരങ്ങള്‍
ഒരിക്കല്‍ക്കൂടി
മഞ്ഞുതുള്ളികളായി മനസ്സില്‍ തുളുമ്പവെ
അറിയാതെ വീണ്ടും നിന്നെയോര്‍ത്തു പോവുന്നു..