Saturday, 4 March 2017

മഞ്ഞക്കണിക്കൊന്ന നെറ്റിയില്‍ 
ഞാനൊരു മഞ്ഞള്‍ക്കുറിച്ചന്തം കണ്ടു
മഴവില്ലിന്നഴകേകും മണിമന്ദഹാസത്തില്‍
 മധുമാസചന്ദ്രിക കണ്ടു...
ഞാനതില്‍ മൗനാനുരാഗവും കണ്ടു..

മലര്‍വാടി തന്നില്‍ വിരിഞ്ഞൊരു മലരുപോല്‍
മിഴികൂമ്പി നീയെന്റെയരികില്‍ നില്‍ക്കേ
മൃദുലമാം  മന്ദസമീരനായ്‌ വന്നു നിന്‍
മുടിയിഴ തഴുകാന്‍ കൊതിച്ചു പോയീ....

മധുരമാമൊരു ഗാനമാധുരി പോലെ നിന്‍
മൊഴികള്‍ തന്നീണത്തില് ഞാനലിയേ
മലര്‍മഞ്ഞുപോലെ നിന്‍ മുഖപദ്മം ചുംബിക്കാന്‍
മനസ്വിനീ മനമൊന്നു തുടിച്ചു പോയീ..‍(old)


ചെറിയ ലോകവും വലിയ സന്തോഷങ്ങളും
=========================================

                  ഒരു വാക്ക് പോലും പരസ്പരം  മിണ്ടാതെ  അവര്‍ നടന്നു... ക്ലിനിക്കിന്റെ പടവുകളിറങ്ങുമ്പോള്‍ പിറകില്‍ നിന്നും "ഒബ്സ്ടട്രിക്സ് ആന്‍ഡ്‌ ഗൈനക്കോളജി" എന്ന ബോര്‍ഡ് "ബൈ ഫോര്‍ എവര്‍"  എന്ന് പറഞ്ഞു  കണ്ണിറുക്കിച്ചിരിച്ച പോലെ അഞ്ജലിക്കു തോന്നി. ..ആനന്ദിന്റെ   കണ്ണുകളിലേക്കു നോക്കാന്‍ താന്‍ അശക്തയാണ് .. കുറെ നാളുകളായി തനിക്കു വായിച്ചറിയാന്‍ കഴിയുന്നുണ്ട് ആ മനസ്സിന്റെ നീറ്റലുകള്‍ ...മടുപ്പിക്കുന്ന ജീവിതത്തിന്റെ അസ്വാരസ്യങ്ങള്‍ .....

"നേരിയ തല വേദന ഞാനൊന്നു കിടക്കട്ടെ " നെടുവീര്‍പ്പുകളൊക്കെയും ഉള്ളിലൊതുക്കി ആനന്ദ്  ബെഡില്‍ തിരിഞ്ഞു കിടന്നു ഉറക്കം നടിക്കുകയാണ് ...പങ്കജ് ഉദാസിന്റെ ഗസലുകള്‍ കേള്‍ക്കുകയാണ്...
               ഉള്ളില്‍ ഉറവ കൂടുന്നുണ്ടാകുമോ എന്നോടുള്ള വെറുപ്പ്‌..?അഞ്ജലി  വെറുതെ കണ്ണുകളടക്കാന്‍ ശ്രമിച്ചു. ...ഉറക്കം എന്ന പക്ഷി മിഴിച്ചില്ലവിട്ടെങ്ങോ പറന്നു പോയിരിക്കുന്നു..മുന്നിലിപ്പോള്‍ നിതാന്തമായ ഇരുട്ട് മാത്രമാണ്..ഹൃദയം പോലും മിടിക്കാന്‍ മറന്നു പോകുന്നത്രയും നിശബ്ദത ...ആത്മാവിന്റെ ഓരോ അണുവിലും അരിച്ചരിച്ചിറങ്ങുന്ന വേദനയുടെ  നേരിയ ഡോസുകള്‍.....
          അടുക്കള ജനാലയ്ക്കരികെ ഇന്നലെക്കണ്ട ബ്ലേഡിനു ഇപ്പോഴും പഴയ മൂര്‍ച്ചയുണ്ടാവുമോ..? അപ്പുറത്തെ മുറിയിലെ  സീലിംഗ് ഫാനിനു ഒരു സ്ത്രീയുടെ  ഭാരം   താങ്ങാനുള്ള കരുത്തുണ്ടാവുമോ..? ഒരു സയനൈഡ് ഗുളികകൊണ്ട് ഒരു ജന്മത്തില്‍ ഒടുങ്ങാത്തത്ര ‍ വേദനകളെ ഒക്കെയും ഒരായിരം അപ്പൂപ്പന്‍താടികള്‍ പോല്‍ പറത്തിവിടാനൊക്കുമോ..?ഒക്കെയും... ഈ ഒരു നിമിഷത്തിന്റെ  മാത്രം കൊതികളാണ്...ചിന്തകള്‍ തുടലൂരി വിട്ട പട്ടിക്കുട്ടിയെപ്പോലെ...പായുകയാണ്...കണ്ണുകളില്‍ ഇരമ്പിക്കയറുന്ന കനത്ത ഇരുട്ടിന്റെ പുകമറ മാത്രം...ചരടറ്റ പട്ടം പോലെ ജീവിതം...
            തണുത്ത കൈവിരലുകള്‍ കൊണ്ട് ഓര്‍ക്കാപ്പുറത്ത് വന്നു ആനന്ദ് തൊട്ടപ്പോള്‍..അവള്‍ ചൂളിപ്പോയി ... ഒരു നിമിഷം  തന്റെ  ബലിഷ്ഠമായ കൈകള്‍ ഒരു പുതപ്പെന്ന പോല്‍ അവള്‍ക്കു  ചുറ്റും മൂടി അവളെ  വരിഞ്ഞു മുറുക്കി മാറോട് ചേര്‍ത്തു ...ഒരു കൊച്ചു കുഞ്ഞിനെയെന്ന പോല്‍..അവളുടെ  മുഖം ആ കൈക്കുമ്പിളില്‍ നിറച്ച് അവന്‍   പാടി   ..."സുര്‍ മയി അഖിയോം മേ നന്നാ മുന്നാ ഇക് സപ്നാ ദേ ജാ രേ "....
                      മിഴികളില്‍ നിന്നും ഒരുതുള്ളി  മെത്തയിലടര്‍ന്നു വീണുടഞ്ഞത്   ആനന്ദ് കാണരുതേ എന്നവള്‍ ആഗ്രഹിച്ചു അവര്‍ക്കിടയില്‍ ഒരു മിഴിനീരിന്റെ തണുപ്പ് പോലും അവള്‍ക്കപ്പോള്‍ അസഹ്യമായിരുന്നു.....അവനപ്പോഴും അവളുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു  താരാട്ട് പാടിക്കൊണ്ടിരിക്കുകയായിരുന്നു...
               രണ്ടു പേര്‍ ചേരുമ്പോള്‍ മാത്രം സിംഫണി പോലെ ഒരു കുഞ്ഞു ലോകമുണ്ടാകുമെന്നു വീണ്ടും അവര്‍ തിരിച്ചറിയുകയായിരുന്നു...അവരതിന്റെ  പഴയ താളം വീണ്ടെടുക്കുകയായിരുന്നു...(old)

Sunday, 26 February 2017

ഓരോ എഴുത്തും ഉള്ളാഴങ്ങളിൽ
നിഗൂഢതകളൊളിച്ചു  വെക്കുന്നൊരു
കടലാണെന്ന്   തോന്നും ചിലപ്പോൾ
ഓരോ തിരയിളക്കത്തിലും
വ്യത്യസ്തമായ അർത്ഥ തലങ്ങൾ കൊണ്ട്
അനുവാചകരുടെ മനസ്സിലേക്ക്
നിറഞ്ഞും പതഞ്ഞും  അവയങ്ങനെ ഒഴുകിപ്പരക്കുകയാണ്
എത്രത്തോളം അരിച്ചരിച്ചു ഉപ്പിനെ
വേർ തിരിച്ചാലും
പിന്നെയും രസനയിൽ  ബാക്കിനിൽക്കുന്ന   
ലവണ രസം പോലെ
ശുദ്ധീകരിക്കാനാവാത്ത
പിന്നെയുമെത്രയോ അർത്ഥങ്ങൾ
എഴുത്തുകളുടെ വന്യമായ അഗാധതകളിൽ
അത്രത്തോളം സൂക്ഷ്മമായി അലിഞ്ഞു കിടക്കുകയാണ് .
സൃഷ്ടികൾക്കപ്പുറം എഴുത്തിനു
മറ്റൊരു ഉദ്ദേശ്യമുണ്ടോ എന്ന്
സ്വയം പല തവണ ചോദിച്ചു നോക്കിയെങ്കിലും
എഴുത്തല്ലേ അതൊരു ജീവിത രീതിയല്ലേ
എന്നൊരുത്തരം ഉള്ളിൽ നിന്ന് പ്രതിധ്വനിക്കുമ്പോൾ
പിന്നെയും എഴുത്തിന്റെ വായനയുടെ
ജലവിതാനങ്ങളിൽ
ഒരു പായ്ക്കപ്പൽ  പോലെ പൊങ്ങിക്കിടക്കുകയാണ് .

Saturday, 25 February 2017

മിടിപ്പുകളൊക്കെയും ഒന്നൊന്നായി
പരിഭാഷപ്പെടുകയും
ഒരേ തരംഗ ദൈർഘ്യമുള്ള  മറ്റൊന്നിലേക്ക്
നാമറിയാതെ കൈമാറ്റം ചെയ്യപ്പെടുകയും
ചെയ്യുന്നൊരു കാലമുണ്ട് എല്ലാവരിലും
അതിനു മുൻപും പിൻപും പ്രളയമെന്ന്
എത്ര തന്നെ അടിവരയിട്ടിട്ടും
വളവുകളിൽ തിരിവുകളിൽ
ജീവിതം അതിന്റെ തണുത്ത വിരലുകൾ കൊണ്ട്
തൊട്ടു നോക്കുകയാണ്
ഇടയ്ക്കൊന്നു ചാറിപ്പോകുന്ന മഴയെ
ഇത്തിരിച്ചൂടും വെട്ടവുമായി വരുന്ന പുള്ളിവെയിലിനെ
ഇളംകാറ്റിന്റെ മുഗ്ധ സംഗീതത്തെ
മഞ്ഞുതുള്ളിയുടെ ആർദ്രതയെ
വെറുതെയെങ്കിലും വെറും വെറുതെ
തൊട്ടു നോക്കുകയാണ്
ഇനിയും നിർവചിക്കാനാവാത്ത എന്തോ ഒന്നിനെ.

Tuesday, 21 February 2017

വെയിൽ ചാഞ്ഞു തുടങ്ങിയ ഒരു സായാഹ്നം . ബാൽക്കണിയിൽ ചെടികൾക്ക് വെള്ളം പകർന്നു കൊണ്ടിരിക്കുകയായിരുന്നു  അവൾ..യാദൃച്ഛികമായാണ്  ആ ബ്ലാങ്കറ്റ്  വില്പനക്കാരന്റെ ശബ്ദം അവളുടെ കാതുകളെ തേടിയെത്തിയത് ."ഭായിയോം ബഹനോം ആയിയേ ഖരീദിയേ ..അഛീ   ക്വാളിറ്റി ഹൈ ..ദേഖിയേ  ദേബശീശ് ചൂട്ട്  നഹി ബോൽത്താ "ആ ശബ്ദത്തിനു എന്തോ ഒരു മാസ്മരികത ഉള്ളതായി അവൾക്കു തോന്നി.ആരായിരിക്കും അയാൾ..?അവൾ ബാൽക്കണിയിൽ നിന്നും പറ്റാവുന്നത്ര കഴുത്തു നീട്ടി റോഡിലേക്ക് നോക്കി.പക്ഷെ അകന്നകന്നു പോകുന്ന ആ ശബ്ദം മാത്രം ഇടയ്ക്കിടെ അവളുടെ കാതുകളിൽ വന്നലച്ചു .അയാൾ നടന്നകന്ന  വഴികളിൽ നിന്നും മനോഹരങ്ങളായ സിനിമാ ഗാനങ്ങളും കാറ്റിനോടൊപ്പം പറന്നു വന്നുകൊണ്ടിരുന്നു. ഒരുപക്ഷെ അയാൾ പാടുന്നതാവാം..അതുമല്ലെങ്കിൽ  അയാളുടെ കൈകളിൽ ഒരു പാട്ടുപെട്ടി ഉണ്ടായിരിക്കാം.അവൾ വെറുതെ ഓരോന്നോർത്തു കൊണ്ട് രാത്രിയിലേക്ക്   ചപ്പാത്തിക്കുള്ള മാവ് കുഴച്ചുകൊണ്ടിരുന്നു..രാത്രിയിൽ മക്കളുടെയും ഭർത്താവിന്റെയും ഒപ്പം വീട്ടിലെ കളിചിരികളിൽ മുഴുകിയപ്പോൾ  അവൾ ആ ബ്ലാങ്കറ്റ് വിൽപ്പനക്കാരനെ മറന്നു.

                                        ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞു കാണും.അവളുടെ പതിവ് ഉച്ചമയക്കത്തിനിടയിലായിരുന്നു ആ ശബ്ദം വീണ്ടും അവളെ വന്നു തൊട്ടതു.ഏതോ ഒരുൾപ്രേണയാലെ  എന്ന പോലെ അവൾ എഴുന്നേറ്റു ഓടി ബാൽക്കണിയിൽച്ചെന്നു നോക്കി.ഇല്ല സൗമ്യമായ ആ ശബ്ദവും നേർത്തു നേർത്തു പോവുന്ന കുറച്ചു ഗാനങ്ങളും   മാത്രം പിറകിൽ ഉപേക്ഷിച്ചു അയാൾ എങ്ങോ മറഞ്ഞിരുന്നു .പിന്നീട് പല ദിവസങ്ങളിലും അയാളുടെ ശബ്ദം അവൾ  കേട്ടു . ഒരിക്കലും കാണാത്ത ദേബശീശിന്  അവൾ  മനസ്സിൽ ഒരു രൂപം വരഞ്ഞു. ഒരിക്കൽ അയാളുടെ കയ്യിൽ നിന്നും ഒരു ബ്ലാങ്കറ്റ് വാങ്ങണം അവൾ മനസ്സിലോർത്തു.

                                       ആരോ പെട്ടെന്ന് ബ്രേക്ക് ഇട്ടു നിർത്തിയൊരു വണ്ടിപോലെയായിരുന്നു ..പൊടുന്നനെ ഒരു ദിവസം ആ ബ്ലാങ്കറ്റ്   വിൽപ്പനക്കാരൻ ആ വഴി വരാതെയായതു.കുറേ  ദിവസങ്ങൾ അവൾ വെറുതേ  ബാൽക്കണിയിൽ പോയി അയാളുടെ ശബ്ദത്തിനും ഗാനങ്ങൾക്കും കാതോർത്തു.ഇല്ല അയാൾ പിന്നീട് ആ വഴി കടന്നുപോയതേയില്ല.കാര്യകാരണമറിയാത്ത ഒരു കുഞ്ഞു സങ്കടം അവളുടെ ഉള്ളിൽ കുറെ നാളുകളോളം തങ്ങി  നിന്നു ...പതിയെപ്പതിയെ അതങ്ങനെ മറവിയിലേക്കും.

  വർഷങ്ങൾ  പലതു കടന്നു പോയി.ഒരു വൈകുന്നേരം പച്ചക്കറിക്കടയിൽ നിൽക്കുകയായിരുന്നു അവൾ.പെട്ടെന്നാണ്   "അരേ  പ്യാരേ ലാൽജി ..മൈ   ദേബശീശ് യാദ് ഹേ നാ "    എന്ന് ചോദിച്ചു കൊണ്ട് സുന്ദരനായ ഒരു ചെറുപ്പക്കാരൻ  ആ പച്ചക്കറിക്കടയിലേക്ക് കയറി വന്നത്.അതേ ശബ്ദം അതേ അതയാൾ തന്നെ.ആ പേര് കേട്ടതോടെ അവൾക്കുറപ്പായിരുന്നു.അവളുടെ മനസ്സിലുള്ള ദേബശീശിനേക്കാൾ സുന്ദരനും ചെറുപ്പവുമായിരുന്നു അയാൾ...ഒരു നിമിഷം അവൾ ശ്വാസം വിടാതെ ആ ചെറുപ്പക്കാരനെ നോക്കി നിന്നു .അയാളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ട്  അവൾ തല കുനിച്ചു നിന്നു .താൻ എന്തൊരുമണ്ടിയാണ്.. അല്ലെങ്കിലും അയാൾക്ക് തന്നെ എങ്ങനെ അറിയാനാണ്..?അവൾ സ്വന്തം തലയ്ക്കു ഒരു കിഴുക്ക് വെച്ച് കൊടുത്തു കൊണ്ട് പച്ചക്കറിക്കൊട്ടയുമായി വീട്ടിലേക്കു നടന്നു.

                               "അല്ലാ..അയാൾ അവളെ തിരിച്ചറിയാത്തിടത്തോളം ഈ കഥ എങ്ങനെയാണ് പൂർണ്ണ മാവുന്നതു?" കഥ കേട്ട് കഴിഞ്ഞപ്പോൾ കൂട്ടുകാരി ചോദിച്ചു

                                      അയാൾ അവളെ തിരിച്ചറിഞ്ഞാൽ കഥ അവസാനിക്കില്ലേ..?അവരുടെ കഥ ഒരു തുടർക്കഥയാവാൻ അവർ തമ്മിൽ ഒരിക്കലും തിരിച്ചറിയാതിരിക്കട്ടെ..ഞാൻ അത്രമാത്രം പറഞ്ഞു നിർത്തി.


Wednesday, 25 January 2017

കണാരേട്ടൻ നല്ലൊരു ദേശസ്നേഹിയാണ്
എനിക്കറിയാം
ഓ പിന്നേ  എങ്ങനറിയാം?
കണാരേട്ടൻ ദേശീയഗാനം കേൾക്കുമ്പോഴൊക്കെ
എഴുന്നേറ്റു നിൽക്കാറുണ്ടോ?
കണാരേട്ടന്റെ വീട്ടിൽ ഗാന്ധിയുടെ പടമുണ്ടോ?
കണാരേട്ടൻ ദേശസ്നേഹത്തെക്കുറിച്ചു
ഫേസ്‌ബുക്കിൽ പോസ്റ്റിടാറുണ്ടോ
പോട്ടെ കണാരേട്ടന് ഭാരത ചരിത്രം വല്ലതുമറിയാവോ ?
ആ ഇതൊന്നുമെനിക്കറിയില്ല
പക്ഷേ  കണാരേട്ടന്റെ സിരകളിൽ ഇന്ത്യയുണ്ട്
കണാരേട്ടന്റെ മനസ്സിൽ ഗാന്ധിയുണ്ട്
കണാരേട്ടന് സഹജീവികളോട് സ്നേഹമുണ്ട്
എനിക്കറിയാം കണാരേട്ടൻ നല്ലൊരു ദേശസ്നേഹിയാണ്
എനിക്കറിയാം.1.വാക്കിന്റെ തേറ്റമുനകൾക്കു
അറ്റം കൂർപ്പിച്ച പെൻസിലിന്റെ
മൂർച്ചയുണ്ടെന്നറിയാഞ്ഞല്ല
ഒറ്റ നിമിഷം കൊണ്ട് നാക്കിന്റെയറ്റത്തു
തുള്ളി വീഴുന്ന വരികളെ
ചാക്കിൽക്കെട്ടി ദൂരെക്കളയാൻ
വയ്യാഞ്ഞിട്ടാണ് .. 


2.നമ്മൾ ചിരിച്ചപ്പോൾ
ആരൊക്കെയോ കൂടെ ചിരിച്ചിരുന്നു
നമ്മുടെ പ്രണയ കവിതകൾക്ക്
ആരൊക്കെയോ മറുകവിതകൾ
എഴുതിയിരുന്നു
നമ്മുടെ അക്ഷരങ്ങൾക്കൊപ്പം
കൈ പിടിച്ചവർ നടന്നിരുന്നു
നമ്മൾ കരയുമ്പോൾ കൂടെ ആരാണ് കരയുന്നതു?
അവരുടെ പ്രണയ കവിതകൾ
അവരുടെ അക്ഷരങ്ങൾ
അവരുടെ സഞ്ചാരങ്ങൾ നിലയ്ക്കുന്നേയില്ല
നമ്മൾ വീഴുമ്പോഴും അവർ നടക്കുന്നുണ്ട്
ഭൂമി കറങ്ങുന്നുണ്ട്
രാത്രിയും പകലും മാറി മാറി വരുന്നുണ്ട്
ആരും ആർക്കു വേണ്ടിയും
കാത്തു  നിൽക്കുന്നില്ല
ആരും ആർക്കും
ഒന്നും ഒന്നിനും സ്വന്തമല്ലെന്നു
ഇനിയെങ്കിലും സമ്മതിച്ചു തന്നു കൂടെ?